ജയ്ക്ക് വീണ്ടും തോല്‍ക്കും; ശൈലജയുടെ റെക്കോര്‍ഡിനെ വെല്ലുവിളിച്ച് ചാണ്ടി ഉമ്മന്‍ 60,000ത്തിലെറെ ഭൂരിപക്ഷം നേടും; ബിജെപി തകര്‍ന്നടിയും; പുതുപ്പള്ളിയില്‍ പ്രവചനവുമായി 'ദ ഫോര്‍ത്ത്'

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം പ്രഖ്യാപിച്ച് ഉടന്‍ സംപ്രേക്ഷണം ആരംഭിക്കാനിരിക്കുന്ന മലയാളം ന്യൂസ് ചാനലായ ദ ഫോര്‍ത്ത്. എഡ്യുപ്രസ് രണ്ട് ഘട്ടമായി നടത്തിയ ദ ഫോര്‍ത്തിന് വേണ്ടി നടത്തിയ ര്‍വെയിലാണ് ചാണ്ടി ഉമ്മന്‍ മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

പുതുപ്പള്ളിയില്‍ 1,75,605 വോട്ടര്‍മാരാണ് ഉള്ളത്. സര്‍വെ അനുസരിച്ച് ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ട് നേടും. അതായത് 80 ശതമാനം പോളിങ് നടന്നാല്‍ 1,025,48 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടുമെന്ന് ചാനല്‍ സര്‍വെ പ്രവചിക്കുന്നു. 60,000ത്തിലെറെ ഭൂരിപക്ഷം ചാണ്ടി ഉമ്മനുണ്ടാകുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

ജെയ്ക്ക് സി തോമസിന് 40,327 വോട്ടുകള്‍ ലഭിക്കും. അതായാത് 22.92 ശതമാനം വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വെറും 4991 വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് സര്‍വെ വ്യക്തമാക്കുന്നു. പോളിങ് 70 ശതമാനം ആയാലും ഭൂരിപക്ഷം 60,000ത്തിന് മുകളില്‍ തന്നെ ആയിരിക്കും. എന്നാല്‍ പോളിങ് ശതമാനം 60 ആയി ചുരുങ്ങിയാല്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 ത്തിന് മുകളില്‍ ആയിരിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തില്‍ കിട്ടിയ ഏറ്റവും ചുരുങ്ങിയ ഭൂരിപക്ഷമായിരുന്നു അത്. എല്‍ഡിഎഫിലെ ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു അന്നും എതിരാളി. മട്ടന്നൂരില്‍ 60,963 വോട്ടുകള്‍ക്ക് ജയിച്ച കെ കെ ശൈലജയ്ക്കാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷവും ഇതിനടുത്ത് വരുമെന്നാണ് സര്‍വെ ഫലം.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വെ നടത്തിയത്. ആദ്യഘട്ട സര്‍വെയില്‍ 1138 പേരെയും ഓഗസ്റ്റ് 31 ന് നടത്തിയ സര്‍വെയില്‍ 1246 പേരുമാണ് പങ്കെടുത്തത്. സ്ട്രാറ്റിഫൈഡ് റാന്‍ഡം സാംപ്ലീങ്ങ് രീതിയാണ് ആദ്യ സര്‍വെയില്‍ അവലംബിച്ചത്.

Read more

വോട്ടര്‍മാരെ വരുമാനം വിദ്യാഭ്യാസ യോഗ്യത ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതാണ് ഈ രീതി. ഓഗസ്റ്റ് 25, 31 തീയതികളിലായിരുന്നു സര്‍വെ. രണ്ടാം ഘട്ട സര്‍വെ റാന്‍ഡം സാമ്പിളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 40 ബൂത്തു പരിധികളിലാണ് നടത്തിയത്. ഒരു ബൂത്തില്‍നിന്ന് 40 പേരെ തിരഞ്ഞെടുത്തതായിരുന്നു രണ്ടാം ഘട്ട സര്‍വെ നടത്തിയതെന്നും ദ ഫോര്‍ത്ത് പറയുന്നു.