കേരളത്തിലെ ഹര്‍ത്താലും മിന്നല്‍ പണിമുടക്കുകളും അവസാനിപ്പിക്കണം; സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്ന സമീപനം ഉണ്ടാകരുതെന്ന് കേന്ദ്രമന്ത്രി

കേരളത്തില്‍ ഹര്‍ത്താലും മിന്നല്‍ പണിമുടക്കുകളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയില്‍ എത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം വലിയ വികസനകുതിപ്പിന് ഒരുങ്ങുമ്പോള്‍ അതിനെ പിന്നോട്ട് അടിക്കുകയാണ് പണിമുടക്കുകള്‍. ലോകടൂറിസം ദിനത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ നാടാണ് നമ്മുടെ കേരളമെന്നും ഓര്‍മിപ്പിച്ചു. പണിമുടക്ക് അവസാനിപ്പിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം.

വിഴിഞ്ഞം തുറമുഖവും കൊച്ചി -കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറും. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിവില നല്‍കേണ്ട സാഹചര്യം കേരളത്തിനുണ്ടെന്നും അദേഹം ഓര്‍മിപ്പിച്ചു.

പരിസ്ഥിതി പ്രശ്‌നങ്ങളും വികസന പദ്ധതികള്‍ വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമാണ്. എന്നിട്ടും വലിയ മാറ്റത്തിലേക്ക് സംസ്ഥാനം ചുവടുവയ്ക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന സമീപനം ഉണ്ടാകരുത്. വിദ്യാസമ്പന്നരായ സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് ഇവിടെ തന്നെ സംരംഭങ്ങള്‍ ആരംഭിക്കാനാകുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.