ഫാത്തിമയുടെ മരണം; കേന്ദ്രം ഇടപെടന്നു, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയില്‍ എത്തും

ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയില്‍ എത്തും. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മാനവ വിഭവ ശേഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

അന്വേഷണ സംഘം കൊല്ലതെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ് ടോപ്പും ഐപാഡും പരിശോധനയ്ക്കായി ഏറ്റെടുക്കും. ആരോപണവിധേയരായ മദ്രാസ് ഐഐടി അധ്യാപകര്‍ ക്യാംപസ് വിട്ടുപോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹ്യുമാനിറ്റീസ് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് അധ്യാപകര്‍ക്കാണ് നിര്‍ദേശം. ഫാത്തിമയുടെ അച്ഛന്‍ ലത്തീഫില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം മൊഴിയെടുത്തു.

പ്രത്യേക അന്വേഷണസംഘത്തലവന്‍ ഐ.ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ നാഗജ്യോതി, അഡീഷണല്‍ കമ്മിഷണര്‍ മെഗ്്‌ലിന്‍ എന്നിവരാണ് നാലുമണിക്കൂറിലേറെ സമയമെടുത്ത് അബ്ദുള്‍ ലത്തീഫില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ഫാത്തിമയുടെ ജീവിത രീതി, അടുത്തിടെ ഉണ്ടായ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍, ഐ.ഐ.ടിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ എല്ലാം വിശദമായി രേഖപെടുത്തി.