ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കണ്ണന്‍ ഗോപിനാഥന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

രാജി വെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. രാജിക്കാര്യം അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതിര-ഊര്‍ജ്ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജി വെച്ചത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.

രാജി സ്വീകരിച്ചാല്‍ മാത്രമേ ജോലിയില്‍ നിന്ന് പിരിയാന്‍ കഴിയുകയുള്ളു എന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്നു, കണ്ണന്‍. നിലവില്‍ ദാദ്രയിലെ ഊര്‍ജ്ജ – നഗര വികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികെയാണ് രാജിവെച്ചത്.