സില്‍വര്‍ ലൈനില്‍ കേന്ദ്രാനുമതി വേഗത്തിലാക്കണം; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കേന്ദ്രാനുമതി വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാര്‍ലമെന്റില്‍ വച്ച് രാവിലെ പതിനൊന്ന് മണിക്കാണ് കൂടിക്കാഴ്ച. സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി തന്നെ നേരിട്ട് മോദിയെ കാണുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള വിവരങ്ങളും കേന്ദ്രത്തെ അറിയിക്കും.

കെ റെയിലിന് പുറമെ ശബരിമല വിമാനത്താവള നിര്‍മ്മാണം, ദേശീയപാതാ വികസനം എന്നീ കാര്യങ്ങളിലും കേന്ദ്രത്തിന്റെ പിന്തുണ തേടും. ദേശീയ വികസനത്തിലടക്കം കൂടുതല്‍ സഹായങ്ങളും ആവശ്യപ്പെടും.

സില്‍വര്‍ ലൈന്‍ ഡി.പി.ആറിന് അംഗീകാരം ലഭിക്കുന്നതോടെ വിദേശ വായ്പ അടക്കം സ്വീകരിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പദ്ധതിക്കെതിരെ ബി.ജെ.പിയും സമരരംഗത്തുണ്ട് എന്നതിനാല്‍ ഇന്നത്തെ കൂടിക്കാഴ്്ചയ്ക്ക് രാഷ്ട്രീയമായും ഏറെ പ്രാധാന്യമുണ്ട്.

കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാങ്കേതിക, പാരിസ്ഥിതിക വിഷയങ്ങളില്‍ വ്യക്തത വരാതെ അനുമതി നല്‍കാനാവില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. പദ്ധതി ചെലവ് സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സ്ഥലമേറ്റെടുക്കാന്‍ അനുമതി ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം ഡല്‍ഹിയില്‍ നാളെ മുതല്‍ ആരംഭിക്കുന്ന സി.പി.എം നേതൃയോഗങ്ങള്‍ക്കായി നാല് ദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍ തങ്ങും.