മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത്: സജി ചെറിയാൻ

മന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പ്രയാസമുണ്ടാക്കുന്നതാണെന്ന് മന്ത്രി സജി ചെറിയാൻ. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനാണ് ആരോഗ്യമന്ത്രി തന്നെ പോകാൻ തീരുമാനിച്ചത്. വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ കേന്ദ്ര സ‍ര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സജി ചെറിയാൻ പറഞ്ഞു.

കുവൈത്ത് തീപിടിത്തത്തിന് പിന്നാലെ മന്ത്രി വീണാ ജോർജിന് യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ കൊച്ചി വിമാനത്താവളത്തിൽ തുട‍ര്‍ന്ന മന്ത്രി ഇവിടെ നിന്ന് മടങ്ങുകയായിരുന്നു.

ഇന്നലെ രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്ര ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. അതേസമയം മന്ത്രി വീണാ ജോർജിന് യാത്രക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധമറിയിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി. കുവൈത്തിലേക്ക് പോകാനായി ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതിരുന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു.

ഇത്തരം സംഭവങ്ങൾ വിദേശരാജ്യങ്ങളിൽ ഉണ്ടാകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ അവിടെയുണ്ടാകുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വിഡി സതീശൻ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിക്ക് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പോകാൻ കഴിയാഞ്ഞത് വളരെ ദൗർഭാഗ്യകരമാണെന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.