ചിക്കന്‍ ബിരിയാണിയില്‍ പഴുതാര; പരാതിക്കാരന്‍ പുളീക്കീഴ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍; കടപ്രയിലെ കന്നിമറ ഹോട്ടല്‍ അടച്ചുപൂട്ടി

പത്തനംതിട്ട തിരുവല്ലയിലെ ഹോട്ടലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തിയതിന് പിന്നാലെ ഹോട്ടല്‍ അടച്ചുപൂട്ടി. തിരുവല്ല പുളീക്കീഴ് എസ്എച്ച്ഒ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജംഗ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലില്‍ നിന്നാണ് പഴുതാരയെ കണ്ടെത്തിയ ബിരിയാണി വാങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പുളീക്കീഴ് സ്റ്റേഷനിലെ എസ്എച്ച്ഒ സിഐ അജിത്കുമാര്‍ ഉച്ചയ്ക്ക് കഴിക്കാനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. പഴുതാരയെ കണ്ടെത്തുമ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥന്‍ ബിരിയാണി പകുതിയോളം കഴിച്ചിരുന്നു.

പഴുതാരയെ കണ്ടെത്തിയ ഉടന്‍ തന്നെ സിഐ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി ആഹാരത്തിലുള്ളത് പഴുതാരയാണെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും കടപ്ര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷം വൃത്തിഹീനമായ അടുക്കളയോട് കൂടിയ ഹോട്ടല്‍ അടച്ചുപൂട്ടുകയായിരുന്നു.

Read more

ഹോട്ടലിന്റെ ലൈസന്‍സ് മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഹോട്ടല്‍ മാര്‍ച്ച് മുതല്‍ ഇന്നുവരെ പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ ആയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.