ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇതിൽ സര്‍ക്കാരും ദേവസ്വംബോര്‍ഡും പ്രതികൂട്ടിലാണ്. അതിനാൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് മേഖലാ ജാഥകൾ നടത്തും. 14 ന് കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ആരംഭിക്കുന്നത്. ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവർ ജാഥനയിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു.
Read more
സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറണ്ടി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.







