രഹസ്യമൊഴി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസ്; ഷാജ് കിരണും ഇബ്രാഹിമും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. പുലര്‍ച്ചെ ചെന്നൈയില്‍ നിന്നും കേരളത്തില്‍ എത്തിയ ഇവര്‍ എറണാകുളം പൊലീസ് ക്ലബ്ബില്‍ ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ഹാജരാകും. കഴിഞ്ഞ ദിവസം ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.

ഷാജ് കിരണും ഇബ്രാഹിമും കേസില്‍ നിലവില്‍ പ്രതികളല്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. കേസന്വേഷണത്തിന് ആവശ്യമെങ്കില്‍ രണ്ടുപേരെയും നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് കോടതി അറിയിച്ചിരുന്നു. സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയതായും ഷാജ് ആരോപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു,

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തി. ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ആരോപണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്ന് അന്വേഷിക്കണമെന്നാണ് ജലീല്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.