കാസർഗോഡ് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ഡിഎൻഎ പരിശോധിക്കാൻ നീക്കം

കാസർഗോഡ് കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ഡിഎൻഎ പരിശോധിക്കും. നടപടികളുടെ ഭാഗമായി കുടക് സ്വദേശി പിഎ സലീമിൻ്റെ രക്തവും മുടിയും ശേഖരിക്കാൻ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പ്രതി സലീം തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ശാസ്ത്രീയമായി തെളിയുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കായി നാളെ തന്നെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

Read more

നേരത്തേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സലീം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റിമാൻ്റ് റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. മോഷണം നടത്താനാണ് ഇയാൾ അസമയത്ത് കറങ്ങിനടന്നതെന്ന് പൊലീസ് പറയുന്നു.