വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; വിദഗ്ധ സമിതി അന്വേഷിക്കില്ല, ഗൂഢാലോചന വാദം തള്ളി വീണാ ജോര്‍ജ്‌

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവം വിദഗ്ധ സമിതി അന്വേഷിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണം പൂര്‍ത്തിയാകൂവെന്നും മന്ത്രി പറഞ്ഞു. ഗൂഢാലോചന വാദം തള്ളുകയായിരുന്നു.

രോഗിയുടെ മരണം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ആണ് ആവശ്യപ്പെട്ടത്. ചികിത്സയില്‍ വീഴച സംഭവിച്ചോ, ശസ്ത്രക്രിയയില്‍ പിഴവ് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി അന്വേഷിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. കുറ്റം കണ്ടെത്തിയാല്‍ മാത്രം നടപടി എടുക്കണമെന്നുമാണ്ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തത്. ഇത് ശരിയായ നടപടിയല്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയ്യാറാണ്. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ മെഡിക്കല്‍ കോളജിനെതിരെ അപവാദ പ്രചാരണം നടത്താനുള്ള ശ്രമമാണോയെന്ന് സംശയം ഉണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിവാദത്തിന് പിന്നില്‍ ഗൂഢാലോചയുണ്ടെന്ന വാദം ആരോഗ്യമന്ത്രി തള്ളി. വൃക്ക കൊണ്ടുവന്ന പെട്ടി പുറത്തുനിന്നെത്തിയവര്‍ തട്ടിയെടുത്തെന്ന് ആരോപിച്ചത് മെഡിക്കല്‍ കോളജാണ്. അക്കാര്യവും അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.