മാഹിയെക്കുറിച്ചുള്ള പരാമർശം വിനയായി; പി.സി ജോർജിനെതിരെ കേസെടുത്ത് കസബ പോലീസ്

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ്ജിനെതിരെ കോഴിക്കോട് കസബ പൊലീസ് കേസ് എടുത്തു. മാഹി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. മാഹി വേശ്യകളുടെ കേന്ദ്രമെന്നായിരുന്നു പി സി ജോർജിന്‍റെ വിവാദ പരാമർശം.

എൻ ഡി എ സ്ഥാനാർഥി എം ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം നടത്തിയത്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് പി.സി. ജോർജ് പറഞ്ഞത്. കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുവെന്നും റോഡിലൂടെ പോകാൻ കഴിയുമായിരുന്നില്ലെന്നുമായിരുന്നു പരാമർശം. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്ന മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റിയെന്നും പി.സി ജോർജ് പറഞ്ഞു.

നേരത്തെ സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയെന്നാരോപിച്ച് പി.സി ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തിരുന്നു. സി.പി.എം. മാഹി ലോക്കൽ സെക്രട്ടറി കെ.പി.സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. പി.സി. ജോർജിനെതിരെ മാഹി എംഎൽഎ രമേശ് പറമ്പത്ത് ദേശീയ വനിത കമ്മിഷനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു.