റോഡിൽ കിടന്ന് പ്രതിഷേധിച്ച കോട്ടയത്തെ പ്രവാസി സംരംഭകനെതിരെ കേസ്; ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്ന് എഫ്‌ഐആർ

കോട്ടയത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസെടുത്ത് പൊലീസ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടിയാണ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷജി മോൻ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകി. സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പൊലീസ് അറിയിച്ചു. കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ പ്രവാസി വ്യവസായി ഷാജി മോൻ ജോർജ് ആദ്യം ധർണ നടത്തിയത്.

തുടർന്ന് പഞ്ചായത്ത് ഓഫിസ് വളപ്പിൽ ധർണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പിൽ തിരക്ക് വർധിച്ചതിനാൽ പൊലീസ് പുറത്തേക്ക് മാറ്റി. പിന്നാലെ ഷാജി മോൻ മള്ളിയൂർ- മേട്ടുമ്പാറ റോഡിൽ കിടന്നു പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു. 25 കോടി ചെലവഴിച്ച സ്‌പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെയായിരുന്നു പ്രവാസി വ്യവസായി ഷാജിമോന്റെ സമരം.