വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു: മൂന്ന് മരണം

വയനാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മുട്ടില്‍വാര്യാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട്ടെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ ഇവര്‍ വിനോദയാത്രക്കായാണ് വയനാട്ടില്‍ എത്തിയത്.

അമിത വേഗമാണോ കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.