പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാർത്ഥികൾ തിരിച്ചറിയണം: കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

 

സർക്കാർ നിയമനത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്നുവെന്ന ആരോപണത്തെ കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി പ്രതിരോധിച്ചത്.എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ അപവാദപ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി.എസ്.സിയെ മുന്‍നിർത്തി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി തന്നെ രംഗത്തുവരുന്നത് ആശ്ചര്യകരമായ കാര്യമാണെന്നും ഉദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ പ്രതിപക്ഷ നേതാക്കൾ തെറ്റിധരിപ്പിക്കുകയാണെന്നും മുഖ്യമന്തി പറഞ്ഞു. വാർത്താ സമ്മേളനത്തിലുടനീളം ഉമ്മൻ ചാണ്ടിയെ വിമർശിച്ച പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ഉദ്യോഗാർഥികളുടെ കാൽ പിടിക്കേണ്ടതും മുട്ടിൽ ഇഴയേണ്ടതുമെന്നും പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകൾ പിഎസ് സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാർ 3113 റാങ്ക് ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചത്. പൊലീസിൽ എൽഡിഎഫ് സർക്കാർ കാലത്ത് 13825 നിയമനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ കാലയളവിൽ 4791 നിയമനങ്ങളാണ് നടന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2016-20 കാലയളവില്‍ എല്‍ഡിക്ലാര്‍ക്ക് 19120 നിയമനങ്ങള്‍ നല്‍കി. 2011-16 കാലയളവില്‍ ഇത് 17711 മാത്രമായിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഈ സര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍യിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് കണക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് 13086 പേരെ പോലീസില്‍ നിയമിക്കാന്‍ നടപടിയെടുത്തു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഏപ്രില്‍ മൂന്ന് വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തെ ഒഴിവുകളില്‍ കൂടി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടുന്നത് ശരിയല്ല. കൂടുതല്‍ ആളുകള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ഉണ്ടാകണം. കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കരാർ നിയമനം സ്ഥിരപ്പെടുത്തുന്നതിലൂടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു അവസരം പോയി എന്നത് വ്യാജ പ്രചരണം. ഇത്തരം നിയമനം നടന്ന ഒരിടത്തും പിഎസ്.സി വഴി ആളെ നിയമിക്കാന്‍ കഴിയില്ല. അതൊന്നും പി.എസ്.സിക്ക് വിട്ട തസ്തികകളല്ല. പി.എസ്.സിക്ക് നിയമനം വിട്ട വകുപ്പിലോ സ്ഥാപനത്തിലോ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നില്ല. റാങ്ക് ലിസ്റ്റിലുള്ള ഒരാളെയും ഇത് ബാധിക്കില്ല,  പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ഉദ്യോഗാർത്ഥികൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.