ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവിന്​ സാദ്ധ്യത; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്

കോവിഡ് രോഗബാധ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളും ലോക്ക് ഡൗണില്‍ വരുത്തേണ്ട ഇളവുകളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ യോഗം വിശദമായി പരിശോധിക്കും. ദേശീയതലത്തെ അപേക്ഷിച്ച് കേരളത്തില്‍ നിലവില്‍ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.

എങ്കിലും ഇളവുകള്‍ ഘട്ടംഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ആദ്യഘട്ടമെന്ന നിലയില്‍ ഇളവുകള്‍ അനുവദിക്കൂ. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും.

ലോക്ക്ഡൗണ്‍ രണ്ടാംഘട്ടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കേണ്ടെന്നും, ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.