ശബരിമല നിലപാട് ജനങ്ങള്‍ക്ക് മനസ്സിലായോ എന്ന് പരിശോധിക്കണം, ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു: സി. ദിവാകരന്‍

ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും  സി. ദിവാകരന്‍ അഭിപ്രായപ്പെട്ടു.

ശബരിമല നിലപാട് ജനങ്ങള്‍ക്ക് മനസ്സിലായോ എന്ന് പരിശോധിക്കണം, ഇടതുപക്ഷത്തിന് ജനങ്ങളുടെ പള്‍സ് ശരിയായി അറിയാന്‍ കഴിയാതെ പോയി. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

20 മണ്ഡലങ്ങളില്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫിനു വിജയം കാണാനായത്. മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ എ.എം ആരിഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെയാണു പരാജയപ്പെടുത്തിയത്.

ഇടതിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന കാസര്‍ഗോട്ടും പാലക്കാടും ആലത്തൂരും ആറ്റിങ്ങലും പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് യു.ഡി.എഫ് തിരിച്ചു പിടിക്കുന്നത്.