ഉപതിരഞ്ഞെടുപ്പ്; എറണാകുളത്ത് റോണ്‍ ബാസ്റ്റിനോ അതോ ഡോ.ജെ.ജേക്കബോ? എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ചൊവ്വാഴ്ച അറിയാം

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുളള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ഏകദേശ ചിത്രം ചൊവ്വാഴ്ച അറിയാം. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം സി.പി.എം മത്സരിക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയിലെത്തും. നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച
സി.പി.എം, വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അനുസരിച്ച് വന്ന പേരുകള്‍ മണ്ഡലങ്ങളുടെ ചുമതലയുളള സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍ന്നുളള ചര്‍ച്ചകളിലായിരിക്കും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്താലാകുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം കൂടിയേ തീരൂ എന്നതിനാല്‍ മത-സാമദായിക സമവാക്യങ്ങെളെല്ലാം പരിഗണിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം.

നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തേക്ക് പിന്തളളപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തില്‍ കന്നഡ മേഖലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ ഇറക്കിയുളള പരീക്ഷണത്തിനാണ് സി.പി.എം ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേയറ്റത്ത്, കര്‍ണാടകയുമായി അതിരുപങ്കിടുന്ന മഞ്ചേശ്വരത്ത് ഭാഷാ ന്യൂനപക്ഷ മേഖലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ ഗുണകരമാകുമെന്ന നിഗമനത്തിലാണ് പരീക്ഷണം. കെ.സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വേണ്ടി രവീശതന്ത്രി കുണ്ടാര്‍ മത്സരിച്ചേക്കുമെന്ന് പ്രചരണമുണ്ട്. അതുകൂടി കണക്കിലെടുത്താണ് കന്നഡമേഖലയില്‍ നിന്നുളള നേതാക്കളെ മത്സരത്തിന് നിയോഗിക്കുന്നത്. കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ദയാനന്ദ, ജില്ലാ കമ്മിറ്റിയംഗം ശങ്കര്‍ റേ എന്നിവരാണ് പരിഗണനയിലുളളത്. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം എതിരാണെങ്കില്‍ അവസാനനിമിഷം മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്.

യു.ഡി.എഫ് ശക്തികേന്ദ്രമായ എറണാകുളം മണ്ഡലത്തിലും പുതുമുഖത്തെ ഇറക്കിയുളള പരീക്ഷണത്തിനാണ് ശ്രമം. സാമുദായിക സമവാക്യങ്ങള്‍ക്ക് ചേരും വിധം പൊതുസമ്മതനെ കണ്ടെത്തി അവതരിപ്പിക്കാനാണ് ഒരുശ്രമം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റും എല്ലുരോഗ വിദഗ്ധനുമായ ഡോ.ജെ.ജേക്കബാണ് പാര്‍ട്ടി പരിഗണിക്കുന്ന പൊതുസമ്മതരില്‍ ഒരാള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊച്ചിയിലേക്കും ഡോ.ജെ.ജേക്കബിനെ പരിഗണിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുതന്നെ യുവാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യവും പരിഗണിക്കുന്നുണ്ട്. മുന്‍ എം.പി ഡോ.സെബാസ്റ്റ്യന്‍ പോളിന്റെ മകനും യുവജനനേതാവുമായ റോണ്‍ ബാസ്റ്റിനാണ് ഈ ഗണത്തില്‍ പറഞ്ഞുകേള്‍ക്കുന്ന പ്രധാനപേര്. ബ്‌ളോക്ക് പഞ്ചായത്തംഗമായ യേശുദാസ് തറപ്പളളിയുടെ പേരും കേള്‍ക്കുന്നുണ്ട്.

സാമുദായിക സമവാക്യങ്ങള്‍ നോക്കിയാകും അരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥ നിര്‍ണയം. മണ്ഡലത്തില്‍ നിന്നുളള സി.പി.എം സംസ്ഥാന സമിതി അംഗം സി.ബി.ചന്ദ്രബാബുവിനാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. അഴിമതിരഹിത പ്രതിഛായയുളള ചന്ദ്രബാബുവിന്റെ മണ്ഡലത്തിലെ ബന്ധങ്ങള്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഈഴവവോട്ടര്‍മാര്‍ ഏറെയുളള മണ്ഡലത്തിലെ സാമുദായിക ഘടകങ്ങളും അദ്ദേഹത്തിന് അനുകൂലമാണ്. മത്സ്യഫെഡ് ചെയര്‍മാനും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി.ചിത്തരഞ്ജനാണ് പരിഗണനയിലുളള രണ്ടാമന്‍. മണ്ഡലത്തിലെ ധീവര വോട്ടര്‍മാരുടെ സാന്നിധ്യവും മന്ത്രി ജി.സുധാകരന്റെ പിന്തുണയുമാണ് ചിത്തരഞ്ജന്റെ അനുകൂലഘടകം.സുധാകരന്റെ പിന്തുണയോടെ ഡി.വൈ.എഫ്.ഐ നേതാവ് മനു.സി.പുളിക്കലും സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിക്കുന്നുണ്ട്.

1996 മുതല്‍ യു.ഡി.എഫിന്റെ കൈപ്പിടിയില്‍ ഇരിക്കുന്ന കോന്നി മണ്ഡലം പിടിച്ചെടുത്തേ തീരു എന്ന വാശിയിലാണ് സി.പി.എം നേതൃത്വം. അടൂര്‍ പ്രകാശ് മാറിയതാണ് കോന്നിയില്‍ സി.പി.എം കാണുന്ന അനുകൂല ഘടകം. ഇത് കണക്കിലെടുത്ത് പ്രമുഖനെ തന്നെ രംഗത്തിറക്കണമെന്ന അഭിപ്രായമുണ്ട്. മണ്ഡലത്തിന്റെ ചുമതലക്കാരനായ കെ.എന്‍.ബാലഗോപാലിന്റെ പേരാണ് ഈ നിലയില്‍ ഉയര്‍ന്ന് വരുന്നത്. കോന്നി സ്വദേശി എന്നതാണ് ബാലഗോപാലിന്റെ അനുകൂല ഘടകം. എന്നാല്‍ കൊല്ലത്തെ തോല്‍വിക്ക് പിന്നാലെ വീണ്ടും മത്സരരംഗത്ത് ഇറങ്ങുന്നതിനോട് അദ്ദേഹത്തിന് വിമുഖതയുണ്ട്.
അങ്ങനെയെങ്കില്‍ കര്‍ഷകസംഘം നേതാവ് ഓമല്ലൂര്‍ ശങ്കരന്‍, ഡി.വൈ.എഫ്.ഐ നേതാവ് കെ.യു.ജിനേഷ് കുമാര്‍ എന്നിവരെ പരിഗണിച്ചേക്കും. നേരത്തെ കോന്നിയില്‍ മത്‌സരിച്ചിട്ടുളള ആര്‍.സനല്‍ കുമാര്‍, എം.എസ് രാജേന്ദ്രന്‍ എന്നിവരുടെ പേരുകളും സജീവമായി പറയുന്നുണ്ട്.

രൂപീകരണം മുതല്‍ യു.ഡി.എഫിന്റെ പക്കലുളള വട്ടിയൂര്‍ക്കാവില്‍ പറ്റിയ സ്ഥാനാര്‍ത്ഥി ആര് എന്ന കാര്യത്തില്‍ സി.പി.എം നേതൃത്വത്തിന് ഇപ്പോഴും വ്യക്തതയില്ല.80ശതമാനം ഹിന്ദുവോട്ടര്‍മാരുളള മണ്ഡലത്തിലെ പ്രബലസമുദായം നായര്‍ വിഭാഗമാണ്.42ശതമാനം വോട്ടര്‍മാരാണ് നായര്‍വിഭാഗത്തിനുളളത്.ഇത് കണക്കിലെടുത്ത് ഇതേ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ അണിനിരത്താനാണ് ശ്രമം.കഴിഞ്ഞ നിയമസഭാ-ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ സാഹചര്യത്തില്‍ യുവാക്കളെ ഇറക്കി പരീക്ഷണം നടത്തണമെന്നാണ് ഒരുവാദം.ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷററും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ കെ.എസ്.സുനില്‍ കുമാറിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.മേയര്‍ ബ്രോ വി.കെ.പ്രശാന്തിന്റെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും സാമുദായിക ഘടകം അദ്ദേഹത്തിന് അനുകൂലമല്ല.യുവാക്കളെ നിര്‍ത്തിയുളള പരീക്ഷണം ഉപേക്ഷിച്ചാല്‍ പിന്നെ മുന്‍ സ്പീക്കര്‍ എം.വിജയകുമാറിനാണ് സാധ്യത.