കോഴിക്കോട് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. പരിശീലനം നടത്തിയ ശേഷം ഉപേക്ഷിക്കപ്പെട്ട വെടിയുണ്ടകളല്ല പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച്. വെടിയുണ്ട കണ്ടെടുത്ത സ്ഥലത്ത് ഫയറിംഗ് പരിശീലനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇവ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിച്ചതാകാം എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘമുള്ളത്.

രണ്ടാഴ്ച മുൻപാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യയിലും വിദേശത്തുമായുള്ള നാല് കമ്പനികളിലാണ് വെടിയുണ്ടകൾ നിർമിച്ചത്. ശാസ്ത്രീയ പരിശോധനയിലാണ് ഒരു കമ്പനിയുടെ വെടിയുണ്ടയ്ക്ക് അഞ്ചു വർഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകൾക്ക് 15 വർഷവും പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.

കർണാടകയിലെ കുടക് കേന്ദ്രീകരിച്ച് അനധികൃത ആയുധ വിൽപന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വെടിയുണ്ടകൾ ജർമ്മനി, ഇംഗ്ലണ്ട്, പൂനൈ എന്നിവിടങ്ങളിൽ നിർമ്മിച്ചവയാണെന്നാണ് ബാലിസ്റ്റിക് പരിശോധനയിൽ വ്യക്തമാവുന്നത്.

ഇവയുടെ സീരിയൽ നമ്പറുകൾ പരിശോധിച്ചു. ഇവയിൽ ഒരു കമ്പനിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടതിൽ നിന്നും അവർ തന്നെ നിർമ്മിച്ച വെടിയുണ്ടകളാണെന്നും വ്യക്തമായിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. നേരത്തെ മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സിറ്റി പൊലീസ് കമ്മിഷണർ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കോഴിക്കോടും സമീപ ജില്ലകളിലുമുളള റൈഫിൾ ക്ലബ്ബുകൾ, ആയുധ വിൽപന കേന്ദ്രങ്ങൾ എന്നിവയിൽ നിന്നും ജില്ല ക്രൈംബ്രാഞ്ച് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.