ബഫര്‍ സോണ്‍: എരുമേലിയില്‍ വന്‍ പ്രതിഷേധം, വനംവകുപ്പ് ബോര്‍ഡ് നാട്ടുകാര്‍ പിഴുതുമാറ്റി

ബഫര്‍ സോണ്‍ വിഷയത്തില്‍ എരുമേലിയില്‍ വന്‍ പ്രതിഷേധം. എരുമേലി ഏയ്ഞ്ചല്‍വാലിയിലാണ് നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നത്. ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടതിലാണ് പ്രതിഷേധം. വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി.

അതേസമയം, ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയമാണ്. 12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികള്‍.

സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.