മരടില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് ഫ്‌ളാറ്റ് ഉണ്ടോ..?, ഏത് മുഖ്യമന്ത്രി എന്ന് സര്‍ക്കാര്‍; നിയമസഭയില്‍ വിചിത്ര ഉത്തരം

പൊളിച്ച് നീക്കാനിരിക്കുന്ന മരടിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന് ഫ്‌ളാറ്റ് ഉണ്ടോ എന്ന ചോദ്യത്തിന് നിയമ സഭയില്‍ വിചിത്രമായ ഉത്തരം. ഏത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്ന് ചോദ്യത്തില്‍ പറയാത്തത് കൊണ്ട് ഉത്തരം നല്‍കാനാവില്ലന്നാണ് രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ നല്‍കിയിരിക്കുന്ന ഉത്തരം. പെരുമ്പാവൂര്‍ എം.എല്‍ എ എല്‍ദോസ് പി. കുന്നപ്പള്ളിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ ഈ വിചിത്രമായ മറുപടി.

ഇന്ന് നിയമസഭയില്‍ വന്ന 1269 നമ്പര്‍ ചോദ്യത്തിലാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ഫ്‌ളാറ്റിന്റെ കാര്യം വന്നത്. അഞ്ചാം ഉപചോദ്യമായിട്ടാണ് വിഷയം ഉന്നയിച്ചത്. “മുഖ്യമന്ത്രിയുടെ മാധ്യമ ഉപേദേഷ്ടാവിന്റെ പേരില്‍ ഹോളി ഫെയ്ത്തില്‍ ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് വിലയാണ് പ്രസ്തുത ഫ്‌ളാറ്റിന് രജിസ്‌ട്രേഷന്‍ രേഖകളില്‍ കാണിച്ചിട്ടുള്ളത് ? വിശദമാക്കാമോ?” ഇതായിരുന്നു ചോദ്യം.

“2006 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 90 ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷന്‍. ഏത് മുഖ്യമന്ത്രി എന്ന് വ്യക്തമാക്കാത്തതിനാല്‍ മറുപടി നല്‍കാന്‍ കഴിയുന്നില്ല” എന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ ഉത്തരം. ചോദ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപേദേഷ്ടാവ് എന്ന് കൃത്യമായി പറയാത്തത് മറയാക്കിയാണ് മന്ത്രി മറുപടി നല്‍കാതെ രക്ഷപ്പെട്ടത്. എന്നാല്‍ പിണറായി വിജയനല്ലാതെ സമീപകാലത്ത് വേറൊരു മുഖ്യമന്ത്രിയും മാധ്യമ ഉപദേഷ്ടാവിനെ നിയമിച്ചിട്ടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപദേഷ്ടാവായി ബ്രിട്ടാസ് ഉളളപ്പോള്‍ തന്നെ അച്ചടി മാധ്യമ ഉപേഷ്ടാവായി എന്‍.പ്രഭാവര്‍മ്മയും പിണറായിക്ക് ഒപ്പമുണ്ട്.