ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങുന്നു, നേട്ടം കൊയ്ത് എയർ ഇന്ത്യ; ഈടാക്കുന്നത് 75 ലക്ഷത്തോളം രൂപ, വാടകയിനത്തിൽ അദാനിക്കും ലക്ഷങ്ങൾ

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ തിരികെ പോകും. തകരാർ പരിഹരിച്ചതോടെയാണ് വിമാനം മടങ്ങുന്നത്. ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങുമ്പോൾ, നേട്ടം ഉണ്ടായത് വിമാനത്താവള നടത്തിപ്പ് ചുമതലയിലുള്ള അദാനി കമ്പനിയും എയർ ഇന്ത്യയുമാണ്.

മൈന്റ്നൻസ് ഹാങ്ങർ വാടകയിനത്തിൽ എയർ ഇന്ത്യ ഈടാക്കുന്നത് ഏകദേശം 75 ലക്ഷം രൂപയാണ്. തിരുവനന്തപുരത്ത് ഇറക്കിയ ജൂൺ 14 മുതൽ വിമാനത്താവളം ഉപയോഗിച്ചത്തിനുള്ള വാടക വിമാനത്തവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടീഷ് സേന നൽകണം. ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളാണ് വിമാനത്താവള കമ്പനി ഈടാക്കുന്നത്. ഇത് വഴി ബ്രിട്ടീഷ് വ്യോമസേന നൽകേണ്ടത് ഏകദേശം 8 ലക്ഷം രൂപയാണ്.

Read more

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഹാങ്ങറിൽ നിന്ന് വിമാനം പുറത്തിറക്കും. എഫ് 35 ബി വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ എത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങും. ബ്രിട്ടീഷ് സേനയുടെ വിമാനം തന്നെ സംഘത്തെ തിരികെ കൊണ്ട് പോകാനായെത്തും.