വധുവിന്റെ കുടുംബാംഗങ്ങള്‍ കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സ്; കാശ് നോക്കിയില്ല കല്യാണം വെച്ചപ്പോള്‍ ഒരെണ്ണം അങ്ങ് വാടകയ്‌ക്കെടുത്തു

വധുവിന്റെ കുടുംബാംഗങ്ങള്‍ മുഴുവനും കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സ്. കല്യാണം വെച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് വാടകയ്ക്ക് എടുത്തൊരു കുടുംബം. നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിലെ കെഎസ്ആര്‍ടിസി ബസാണു കല്യാണ ഓട്ടത്തിനു പോയത്.

കോഴിക്കോട് കുളത്തൂര്‍ കൈവല്യം വീട്ടില്‍ രാമകൃഷ്ണന്‍ ഷക്കില ദമ്പതികളുടെ മകന്‍ ലോഹിതിന്റെയും ഉടുമ്പന്‍ചോല കളരിപ്പാറയില്‍ ബാല്‍രാജ് വളര്‍മതി ദമ്പതികളുടെ മകള്‍ ലക്ഷ്മിപ്രിയയുടെയും വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ബസ് ഓട്ടത്തിന് വിളിച്ചത്.

ലക്ഷ്മി പ്രിയയുടെ ബന്ധുക്കളാണ് കെഎസ്ആര്‍ടിസി ഫാന്‍സായ കുടുംബം.  5 മണിക്കൂറിന് 9,500 രൂപ അടച്ചാണ് ബസ് വാടകയ്‌ക്കെടുത്തത്. 5 മണിക്കൂറിനുശേഷം പിന്നെ വരുന്ന ഓരോ മണിക്കൂറിനും 500 രൂപ കൂടുതല്‍ നല്‍കണം. രാവിലെ 10.30 ന് വധുവിന്റെ വീടിന് സമീപം എത്തി ബന്ധുക്കളെ ബസില്‍ കയറ്റി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തിന് സമീപം ഇറക്കി. വിവാഹ ചടങ്ങിനും സദ്യയ്ക്കും ശേഷം ബസില്‍ വന്നവരെ തിരികെ ഉടുമ്പന്‍ചോലയിലും എത്തിച്ചു.

നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററിലെ കെഎല്‍ 15 എ 2067 എന്ന കെഎസ്ആആര്‍ടിസി ബസാണ് ഓപ്പറേറ്റിങ് സെന്ററിലെ വിവാഹ ഓട്ടത്തിനു പോയത്. ഈ ബസ് സെന്ററിലെ മറ്റ് ബസുകള്‍ തകരാറിലാകുമ്പോള്‍ പകരം ഉപയോഗിക്കുന്ന സ്‌പെയര്‍ ബസാണ്. വിവാഹ ഓട്ടത്തിന് ബസ് ഓടിച്ചത് കെഎസ്ആര്‍ടിസി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവര്‍ സുനില്‍കുമാറും സഹായിയായെത്തിയത് കണ്ടക്ടര്‍ ഹരിഷുമാണ്.