കൊടിമരം എടുത്തു മാറ്റിയ സംഭവം: എ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പാള്‍

തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയ സംഭവത്തില്‍ തനിക്ക് എ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതി. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞു.

കോളജില്‍ സ്ഥാപിച്ചിരുന്ന എ.ബി.വി.പിയുടെ കൊടിമരം ബുധനാഴ്ച പ്രിന്‍സിപ്പാള്‍ എടുത്തു മാറ്റിയിരുന്നു. ഇന്ന് എ.ബി.വി.പി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിശാല്‍ അനുസ്മരണത്തിനായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജില്‍ പരിപാടി സംഘടിപ്പിക്കുകയും കൊടിമരം നാട്ടുകയും ചെയ്തത്. ചടങ്ങിനു ശേഷം കൊടിമരം മാറ്റാന്‍ പൊലീസും പ്രിന്‍സിപ്പാളും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പാളിന്റെ ചുമതലയുള്ള പ്രൊഫ. ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതു മാറ്റുകയും കോളജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറുകയുമായിരുന്നു.