ശരീരം കോണ്‍ഗ്രസിലും മനസ്സ് സി.പി.എമ്മിലും; കെ.വി തോമസ് കാണിക്കുന്നത് നന്ദികേടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തീരുമാനത്തിന് പിന്നാലെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ വി തോമസ് സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയി കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈ നടപടി കോണ്‍ഗ്രസ് ഒരിക്കലും പൊറുക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കെ വി തോമസിന്റെ ശരീരം കോണ്‍ഗ്രസിലും മനസ് സി.പി.എമ്മിലുമാണ്. പാര്‍ട്ടിയില്‍ കിട്ടാവുന്ന എല്ലാ പദവികളും വഹിച്ച വ്യക്തിയാണ് തോമസ്. ഇപ്പോള്‍ കാണിച്ചിരിക്കുന്നത് നന്ദികേടാണ്. ഇനി കോണ്‍ഗ്രസുകാരുടെ മനസില്‍ കെ വി തോമസ് ഉണ്ടാകില്ല. അദ്ദേഹത്തെ പടിയടച്ച് പിണ്ഡം വച്ചുകഴിഞ്ഞുവെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.

ഇനി എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ചതിക്കുഴിയിലാണ് വീണിരിക്കുന്നത്. ഇതിന് തോമസ് വലിയ വില നല്‍കേണ്ടിവരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Read more

ഇന്ന് എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി കോണ്‍്ഗ്രസില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് അറിയിച്ചത്. കണ്ണൂരില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്നാണ് ഭീഷണി. അത് ശരിയാണോ എന്നാലോചിക്കണം. ഞാന്‍ ഈ പാര്‍ട്ടിയില്‍ നൂലില്‍ കെട്ടി ഇറക്കിയ ആളല്ല. എന്നിട്ടും എന്നെ അപമാനിക്കാമോ? ഈ അപമാനം സഹിക്കാന്‍ കഴിയില്ലെന്നും കെ അദ്ദേഹം പറഞ്ഞു.