കൊലപാതക ശ്രമത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുക്കാമെന്ന് പൊലീസ്; ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു

എലത്തൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കൊലപാതക ശ്രമത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുക്കുമെന്് പൊലീസ്. ഇതോടെ പൊലീസ് കേസ് അട്ടിമറിച്ചെന്നാരോപിച്ച് മൃതദേഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു.

പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതികളെ സഹായിച്ചു, ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചില്ല തുടങ്ങിയ പരാതികളാണ് ബിജെപി ഉന്നയിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജേഷിന്റെ മൃതദേഹവുമായി എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുത്തു.

പൊലീസ് നടപടികളില്‍ സംശയം ഉള്ളതിനാല്‍ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാതെ വീട്ടുവളപ്പില്‍ അടക്കം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തില്‍ സി.ഐ.ടി.യു എലത്തൂര്‍ ഓട്ടോസ്റ്റാന്റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസ്, സി.പി.ഐ.എം പ്രവര്‍ത്തകന്‍ മുരളി എന്നിവരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.