ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ബി.ജെ.പി ദിവാസ്വപ്നം കാണണ്ട: തോമസ് ഐസക്

വിസിമാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ തുറന്നടിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക്. ഗവര്‍ണര്‍ ബിജെപിയുടെ കൈക്കോടാലിയായി മാറി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിക്കുന്നതിന് പകരം വിസിമാര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ബിജെപി ദിവാസ്വപ്നം കാണണ്ട. വലിയ വെല്ലുവിളികള്‍ കേരളം നേരിട്ടിട്ടുണ്ട്. ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറണമെന്നാണ് നിയമസഭയും ജനങ്ങളും തീരുമാനിച്ചത്. പൊതുജനങ്ങളും ഗവര്‍ണര്‍ക്കെതിരാണ്. അത് അംഗീകരിക്കാതെ ചാന്‍സലര്‍ പദവിയില്‍ കടിച്ചുതൂങ്ങുന്നത് നാണക്കേടാണ്.

സംഘികളെ വിസിമാരാക്കി ഭരിക്കാമെന്ന് ബിജെപി കരുതണ്ട. അത് കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ബിജെപിക്കെതിരെ മുഴുവന്‍ ജനങ്ങളും അണിനിരക്കണം. നാഗ്പൂരില്‍ നിന്ന് അനുമതി വാങ്ങി രാജ്യത്തെ പല സര്‍വകലാശാലകളെയും അട്ടിമറിച്ചിട്ടുണ്ടാകാം. ഇത് കേരളത്തില്‍ നടക്കില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

നിയമസഭ പാസാക്കിയ നിയമ പ്രകാരമാണ് വിസിമാരെ തെരഞ്ഞെടുക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. യുജിസി ചട്ടത്തില്‍ വിസി സ്ഥാനത്തേക്ക് മൂന്നാളുടെ പേര് നിര്‍ദേശിക്കണമെന്നാണ് സുപ്രീംകോടതി വിധി. നിയമത്തേക്കാള്‍ വലുതാണോ യുജിസി ചട്ടമെന്ന ചോദ്യം നിയമവിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി ഉള്‍പ്പെടെ സര്‍ക്കാരിന് മുന്നില്‍ നിയമവഴികളുണ്ട്.