കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളാരും പ്രതികളാകില്ല

കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളാരും പ്രതികളാകില്ല. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആകെ 22 പ്രതികളുള്ള കേസിൽ കുറ്റപത്രം ജൂലായ് 24ന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട് . ഇരിങ്ങാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.

ബിജെപി നേതാക്കളുടെ മൊഴികൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ഇതുവരെ ചോദ്യം ചെയ്തത്. എന്നാൽ ഇവരിൽ ഒരാൾ പോലും കേസിൽ പ്രതിയാകില്ല. ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്ന് കുറ്റപത്രത്തിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അന്വേഷണസംഘത്തിന് മുന്നിൽ ബുധനാഴ്‌ച ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രനെ വിട്ടയക്കുകയായിരുന്നു. അതേസമയം കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തിരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

പണത്തിന്‍റെ ഉറവിടം സംബന്ധിച്ച മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് ലഭിച്ചിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. 22 പേരെ അറസ്റ്റ് ചെയ്ത കേസിൽ ഒരു കോടി 45 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. എന്നാൽ ബാക്കി പണം കണ്ടെത്താൻ അന്വേഷണസംഘത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേസിന്‍റെ രാഷ്ട്രീയമാനം പൂർണമായും പൊലീസ് ഉപേക്ഷിക്കുന്നു എന്ന് വേണം കരുതാൻ.