'ആര്‍.എസ്.എസ് ബന്ധം വ്യക്തം, രേഷ്മയെ ജാമ്യത്തിലിറക്കാന്‍ എത്തിയത് ബി.ജെ.പി നേതാവ്' എം.വി ജയരാജന്‍

ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് പിടിയിലായ രേഷമയെ സംരക്ഷിക്കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. രേഷ്മയെ ജാമ്യത്തിലിറക്കാന്‍ എത്തിയത് ബിജെപി നേതാവാണെന്നും, രേഷ്മയ്ക്കായി ഹാജരായത് ബിജെപിയുടെ സ്ഥിരം അഭിഭാഷകനാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നിസ്സാരമായ കാര്യമല്ല. ഇതില്‍ നിന്ന് തന്നെ വസ്തുത വ്യക്തമായിട്ടുണ്ടെന്ന് എം വി ജയരാജന്‍ പറഞ്ഞു.

രേഷ്മയെ രക്ഷപ്പെടുത്താനും, സ്വീകരിച്ച് കൊണ്ടുപോകാനും എത്തിയത് ബിജെപി തലശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കെ അജേഷാണ്. 2008 ല്‍ സിപിഎം പ്രവര്‍ത്തകന്‍ ലതേഷിനെ കൊലപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ച പ്രതിയാണ് ഇയാള്‍. കേസിലെ ഒന്നാം പ്രതി ലിജേഷ് ബിജെപി മണ്ഡലം പ്രസിഡന്റാണ്. രേഷ്മയ്ക്ക് വേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവായ പി പ്രേമരാജനാണ്. രേഷ്മയുടെ ആര്‍എസ്എസ് ബന്ധം ഇതില്‍ നിന്ന് വ്യക്തമാണ്.

പൊലീസിന് നല്‍കിയിട്ടുള്ള മൊഴിയില്‍ നിന്നും രേഷ്മയുടെ ബിജെപി ബന്ധം വ്യക്തമാണ്. ഒരു വര്‍ഷത്തിലേറെയായി നേരിട്ട് പരിചയമുണ്ട്. വീട്ടില്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വന്നപ്പോള്‍ താമസിപ്പിച്ചുവെന്ന് അവര്‍ മൊഴിയില്‍ പറയുന്നുണ്ട്. ആര്‍എസ്എസുകാരനായ കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചത് ആര്‍എസ്എസ് ബന്ധമല്ലാതെ മറ്റെന്താണെന്ന് ജയരാജന്‍ ചോദിച്ചു.

രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന് വാദം അദ്ദേഹം തള്ളി. പ്രതിയ്ക്ക് സിപിഎം സംരക്ഷണം നല്‍കിയിട്ടില്ലെന്ന് എംവിജയരാജന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സിപിഎം പ്രവര്‍ത്തര്‍ ആരും തന്നെ ഹരിദാസ് കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കില്ല. സിപിഎമ്മുകാരാണ് സംരക്ഷിച്ചതെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.