കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ബിനോയ് വിശ്വം

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ എതിർത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ പ്രധാന നേതാവാണു രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാമോ എന്നു കോൺഗ്രസ് പരിശോധിക്കണം.ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നതു യാഥാർഥ്യബോധമില്ലാത്ത കോൺഗ്രസ് നിലപാടാണ്. കോൺഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവർ തിരിച്ചറിയണം. സീറ്റ് വിഭജനത്തിൽ അത് ഓർമയുണ്ടാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം മുന്നോട്ടു വന്നാൽ സിപിഐ ചർച്ചയ്ക്കു തയാറാകുമെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി അതേസമയം കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾആരംഭിച്ചുവെന്നും നിലവിലെ ‌മോദി ഭരണം തുടരാൻ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.പ്രതിപക്ഷം ഇല്ലാത്ത പാർലമെൻ്റ് വേണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ലെന്നും പഴയ ഗ്യാരണ്ടികൾപോലും നടപ്പിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.