ആര്‍.എസ്.എസിന് എതിരെയുള്ള പരാമര്‍ശങ്ങള്‍ വേണ്ടെന്ന് ദൂരദര്‍ശന്‍; ബിനോയ് വിശ്വം എം.പി റെക്കോഡിംഗ് വേണ്ടെന്നു വെച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ നിന്ന് ആര്‍.എസ്.എസിനെതിരായ ഭാഗം ദൂരദര്‍ശന്‍ ഒഴിവാക്കിയെന്ന് ആക്ഷേപം.  സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലാണ് പ്രസാര്‍ഭാരതിയുടെ ഉള്ളടക്ക പരിശോധനാ സമിതി
വെട്ടിത്തിരുത്തലുകള്‍ വരുത്തിയത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വംശവെറി പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ് ആശയത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച എന്‍.ഡി.എ സര്‍ക്കാര്‍ ദളിതുകളെയും ആദിവാസികളെയും പിന്നോക്കക്കാരെയും സ്ത്രീകളെയും അടിച്ചമര്‍ത്തി എന്ന് പരാമര്‍ശിക്കുന്ന ഖണ്ഡികയാണ് ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തില്‍ നിന്ന് നീക്കിയത്. വിവിധ ജാതി, മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് കാരണമാകും, സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കല്‍ പെരുമാറ്റ ചട്ട ലംഘനമാണ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ പ്രസംഗം അവതരിപ്പിക്കാതെ ബിനോയ് വിശ്വം ഡല്‍ഹി ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിന്നും മടങ്ങി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണത്തിന് നിശ്ചിത സമയം ദൂരദര്‍ശന്‍ നല്‍കുന്നുണ്ട്. സി.പി.ഐക്ക് അനുവദിച്ച സമയത്താണ് ബിനോയ് വിശ്വം റെക്കോഡിംഗിന് എത്തിയിരുന്നത്. വിവാദമായതോടെ നടപടിയില്‍ പങ്ക് നിഷേധിച്ച് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ രംഗത്തെത്തിയിട്ടുണ്ട്.