കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; ജപ്തി നിര്‍ത്തി വെയ്ക്കണമെന്ന ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു

പ്രളയക്കെടുതിയെ തുടര്‍ന്ന് വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകരെ വലയ്ക്കുന്ന ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യം ബാങ്കുകള്‍ അംഗീകരിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ സര്‍ഫാസി നിയമം ചുമത്തില്ല. ഇതിനായി റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്.

പഞ്ചായത്ത് തലങ്ങളിലും ഇനി കര്‍ഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. അവിടെ ബാങ്ക് ഉദ്യോഗസ്ഥരെയും കര്‍ഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്പ എടുത്തവര്‍ക്ക് പുതിയ വായ്പ നിഷേധിക്കരുതെന്നും ബാങ്കേഴ്‌സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാണിജ്യബാങ്കുകളെ കടാശ്വാസ കമ്മീഷന്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കാമെന്നും ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. നാളെ ഇടുക്കിയില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.