ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; പ്രതി റിജോ ആന്റണി റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ നല്‍കി പൊലീസ്

തൃശൂര്‍ ചാലക്കുടിയിലെ പോട്ട ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതി റിജോ ആന്റണി റിമാന്‍ഡില്‍. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റിജോ ആന്റണിയുടെ വീട്ടില്‍ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്ന് കവര്‍ന്നത്.

പ്രതിയ്ക്ക് 40 ലക്ഷം രൂപയുടെ കടം ഉണ്ടെന്നാണ് വിവരം. ഇയാളെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്.

പൊലീസ് വാഹനം കണ്ടതോടെ ആദ്യ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മോഷ്ടാവിന്റെ സഞ്ചാര പാതയുടെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വേഷം മാറി റിജോ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വണ്ടിയുടെ മിറര്‍ മാറ്റിവെച്ചതും ദൃശ്യങ്ങളില്‍ ഉണ്ട്. കവര്‍ച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു റിജോയുടെ നീക്കം.

അതേസമയം ബാങ്കില്‍ നിന്ന് മുഴുവന്‍ പണവും കൈക്കലാക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്ന് റിജോ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കില്‍ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജര്‍ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടന്‍ മാനേജര്‍ മാറിത്തന്നു. മാനേജര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ കവര്‍ച്ചാശ്രമത്തില്‍ നിന്ന് പിന്മാറുമായിരുന്നെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിരുന്നു.