ബാണാസുര സാഗര്‍ ഡാം തുറന്നു

ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഞായറാഴ്ച്ച രാത്രിയോടെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താന്‍ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയത്.

അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. സെക്കന്‍ഡില്‍ 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.

അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടില്‍ 2385.46 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 138.90 അടിയായും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ സാധ്യതയുണ്ട്.

ഇടുക്കി ഡാമിന്റെ 3 ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍ തുറന്ന പത്തുഷട്ടറുകളിലൂടെ ഒഴുക്കുന്നത് സെക്കന്റില്‍ 3545 ഘനയടി വെള്ളമാണ്.