ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ല, പൊലീസിന് എതിരെ പ്രതികളുടെ കുടുംബം

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പിടിയിലായിരിക്കുന്നത് യഥാര്‍ത്ഥ കുറ്റക്കാരല്ലെന്ന് പ്രതികളുടെ കുടുംബം. പൊലീസിന് പ്രതികളെ കിട്ടാതിരുന്നപ്പോള്‍ കിട്ടിയവരെ പ്രതികളാക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ മുഹമ്മദ് ഇജാസിന്റെയും മുഹമ്മദ് സാലിയുടെയും മാതാപിതാക്കള്‍ ആയ പി.പി. ഇബ്രാഹിമും ആയിഷയും ജമീലയും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജിഷ്ണുരാജിനെ മര്‍ദ്ദിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ രക്ഷപെട്ടു. അവരെ കുറിച്ച് പൊലീസ് അന്വേഷിച്ചിട്ടില്ല. അക്രമികള്‍ രക്ഷപ്പെട്ട ശേഷം വിവരം അറിഞ്ഞ് എത്തിയ യുവാക്കളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും പ്രതികളുടെ കുടുംബം ആരോപിച്ചു. അതേസമയം സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. ലീഗ് പ്രവര്‍ത്തകനായ സുബൈര്‍ കുരുടമ്പത്തിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് സാലി, റിയാസ്, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

മര്‍ദ്ദനമേറ്റ ജിഷ്ണുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് നജാഫ് ഫാരിസായിരുന്നു. സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചിരുന്നു.