കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് വിലക്ക്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നു. കോട്ടയുടെ കിഴക്ക് ഭാഗത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് തകര്‍ന്നത്. പ്രദേശത്ത് സന്ദര്‍ശകര്‍ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.

മഴ കുറഞ്ഞതോടെ കാസര്‍ഗോഡ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങി. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ 31 ക്യാമ്പുകളിലായി മൂവായിരത്തിലധികം ആളുകളാണ് ഉള്ളത്. തേജസ്വിനി പുഴ കര കവിഞ്ഞൊഴുകിയ ചാത്തമത്ത്, പുടോതുരുത്തി, ചെമ്മാക്കര, പാലായി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ചാത്തമത്ത് ആരംഭിച്ച ക്യാമ്പ് പിരിച്ചുവിട്ടു.