കുഞ്ഞിനെ മോഷ്ടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സിന്റെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും കളമശ്ശേരി സ്വദേശിനിയായ നീതുവിനെ പിടികൂടി. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിന് പിന്നില്‍ എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍.

സംഭവത്തിന് പിന്നില്‍ റാക്കറ്റ് അല്ല എന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് എന്നും പൊലീസ് അറിയിച്ചു. അതേസമയം നീതുവിനെ പല തവണ ആശുപത്രിയില്‍ നേഴ്‌സിന്റെ വേഷത്തില്‍ കണ്ടിട്ടുണ്ട് എന്നും ചികിത്സാരേഖകള്‍ ഉള്‍പ്പെടെ നോക്കുകയും ചെയ്തിരുന്നു. അതിനാല്‍ സംശയം തോന്നിയിരുന്നില്ല എന്നും കുഞ്ഞിന്‍രെ അമ്മ അശ്വതി പ്രതികരിച്ചു.

സംഭവത്തില്‍ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ സൂപ്രണ്ട് ഉത്തരവിട്ടു. ഇതിനായി നലംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ആര്‍ എം ഒ, നഴ്സിംഗ് ഓഫിസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധന്‍ എന്നിവര്‍ ആണ് സമിതി അംഗങ്ങള്‍. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് എങ്ങനെ തട്ടികൊണ്ട് പോയി എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കും. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.