കളക്ടറുടെ നടപടി വിവരക്കേട്, ടി വി അനപുമ സര്‍ക്കാരിന് ദാസ്യപ്പണി ചെയ്യുന്നതായി ആരോപിച്ച് ബി ഗോപാലകൃഷ്ണന്‍; സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയതിന് വരണാധികാരിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. കളക്ടറുടെ നടപടി വിവരക്കേടാണ്. മതപരമായ ആവശ്യങ്ങള്‍ ഒന്നും സുരേഷ് ഗോപി പ്രസംഗത്തില്‍ ഉന്നിയിച്ചിട്ടില്ല. അയ്യപ്പന്റെ പേര് പറഞ്ഞില്ല, ചിത്രവും കാണിച്ചില്ല. എന്നിട്ടും സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂര്‍ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു.

അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയാണ്. സര്‍ക്കാരിന്റെ ശബരിമലയിലെ നിലപാട് ചര്‍ച്ചയാക്കി തന്നെ വോട്ട് ചോദിക്കും. ഇതിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്താലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയ്ച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം.

കേരളത്തിലും ഇന്ത്യയിലും അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അത് അലയടിക്കും. താന്‍ വോട്ട് തേടുന്നത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിലെ കുടുംബങ്ങളുടെ ചര്‍ച്ചാവിഷയം ഇതാണെന്നും സുരേഷ് ഗോപി കണ്‍വെന്‍ഷനില്‍ പറഞ്ഞിരുന്നു.

മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. കുറ്റം തെളിഞ്ഞാല്‍ അയോഗ്യതയ്ക്ക് വരെ സാധ്യതയുണ്ട്.