‘ഫൈസല്‍ വധശ്രമക്കേസില്‍ പ്രതികള്‍ക്കായി അടൂര്‍ പ്രകാശ് ഇടപെട്ടു'; ശബ്ദരേഖ പുറത്തുവിട്ട് ഡി.വൈ.എഫ്.‌ഐ

തേമ്പാമൂട്ടിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസ് പ്രതികളെ സഹായിക്കാൻ അടൂർ പ്രകാശ് ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തു വിട്ട് ഡിവൈഎഫ്‌ഐ. രണ്ട് മാസം മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസിൽ തങ്ങളെ സഹായിക്കാമെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞിട്ടുണ്ടെന്നാണ് ഫൈസൽ വധശ്രമക്കേസ് പ്രതിയും വെഞ്ഞാറമൂട് കൊലപാതകക്കേസിൽ പ്രതികളിലൊരാൾ കൂടിയായ ഷജിത്ത് ശബ്ദരേഖയിൽ പറഞ്ഞിരിക്കുന്നത്.

ഫൈസല്‍ വധശ്രമക്കേസില്‍  എംപി വഴി നേതൃത്വത്തെ അറിയിച്ചാണ് പൊലീസ് സ്റ്റേഷനില്‍ ഇടപെട്ടതെന്നു ഷജിത്ത് ശബ്ദരേഖയില്‍ പറയുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ആര്‍ക്കും കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന നേതാക്കളുടെ പ്രതികരണം നിരാകരിക്കുന്നതാണ് പുറത്തായ ശബ്ദരേഖ.

എന്നാൽ ഈ ശബ്ദരേഖ അടൂർ പ്രകാശ് തള്ളി. ഏഴ് അസംബ്ലി മണ്ഡലത്തിലെ പല പാര്‍ട്ടി പ്രവര്‍ത്തകരും എംപി എന്ന നിലയില്‍ വിളിക്കാറുണ്ട്. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് എംപി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇപി ജയരാജനും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അതിന്റെ തെളിവുകള്‍ കൈയിലുണ്ടെങ്കില്‍ തെളിയിക്കട്ടെ. അതിനുള്ള എല്ലാം സംവിധാനവും അവര്‍ക്കുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കൊലക്കേസില്‍ ഒരു സിഐടിയുക്കാരനുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും പ്രകാശ് പറഞ്ഞു. പാർട്ടി പ്രവർത്തകർ എന്ന നിലയിൽ പലയിടത്ത് നിന്നും പലയാളുകളും എന്നെ ബന്ധപ്പെടാറുണ്ട്. കള്ളക്കേസിൽ പ്രതിയാക്കുന്നു, പൊലീസിന്റെ സഹായത്തോടെ പ്രതിയാക്കുന്നു എന്നെല്ലാം പറഞ്ഞാൽ, ന്യായമായ അവകാശം അവർക്ക് കൂടി കിട്ടണമെന്നുള്ളതു കൊണ്ട് പൊലീസുമായി ബന്ധപ്പെടാറുണ്ട്. പൊതുപ്രവർത്തനം നടത്തിയ കാലം തൊട്ട് ചെയ്യുന്നുണ്ട്. കൊലപാതകത്തിൽ ഇടപെട്ടുവെന്ന് പറയരുതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.