കോഴിക്കോട് റേഷന്‍ അരി കടത്താന്‍ ശ്രമം; പിടികൂടിയത് 10 ടണ്‍ അരി

കോഴിക്കോട് വലിയങ്ങാടിയില്‍ റേഷന്‍ അരി കടത്താന്‍ ശ്രമം. 10 ടണ്ണോളം അരിയാണ് പിടികൂടിയത്. വലിയങ്ങാടിയിലെ സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയില്‍ നിന്നും വളാഞ്ചേരിയിലേക്ക് ലോറി വഴി കടത്താന്‍ ശ്രമിച്ച 180 ചാക്ക് അരിയാണ് പിടിച്ചെടുത്തത്.

പൊലീസ് പരിശോധന നടത്തി ലോറിയടക്കം കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരനായ നിര്‍മല്‍, ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി അപ്പുക്കുട്ടന്‍, കടയിലെ സഹായി ഹുസൈന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ട് അരി ലോറിയില്‍ കയറ്റുന്നതിനിടെ പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെയാണ് ടൗണ്‍ സി.ഐ സി.അനിത കുമാരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥലത്തെത്തി റേഷന്‍ അരിയാണെന്ന് സ്ഥിരീകരിച്ചു.

Read more

വളാഞ്ചേരിയിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് അരി കടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ ഗോഡൗണില്‍ ഉള്‍പ്പടെ പൊലീസ് പരിശോധന നടത്തി.