കൊല്ലത്ത് ഡോക്ടര്‍ക്കും, ജീവനക്കാര്‍ക്കും, പൊലീസിനും നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

 

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ക്കും, ജീവനക്കാര്‍ക്കും, പൊലീസിനും നേരെ യുവാക്കളുടെ ആക്രമണം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്മന സ്വദേശി അബൂ സുഫിയാന്‍, രാമന്‍കുളങ്ങര സ്വദേശി സുജിദത്ത് എന്നിവരാണ് പൊലീസ് പിടിയാലായത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ശക്തികുളങ്ങരയില്‍ വച്ച് അപകടം പറ്റി പരിക്കേറ്റ യുവാക്കള്‍ ജില്ലാ ആശുപത്രിയില്‍ മുറിവില്‍ മരുന്ന് വെക്കാന്‍ എത്തിയതാണ്. എന്നാല്‍ മരുന്ന് വയ്ക്കുന്നതിനിടെ ഇവര്‍ ആക്രമിക്കുകയായിരുന്നു. ഡോക്ടറേയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും, ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തിയതോടെ അവരുമായും വാക്കു തര്‍ക്കമുണ്ടായി. ഡ്യൂട്ടി പൊലീസ് അറിയിച്ചതനുസരിച്ച് ഈസ്റ്റ് എസ് ഐ രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ കീഴ്‌പ്പെടുത്തിയത്.

സംഭവത്തില്‍ മൂന്ന് പേര്‍ക്ക പരിക്കേറ്റു. പരിക്കേറ്റ ഡോ. തോമസ് ജോണിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഹോസ്പിറ്റല്‍ ആക്രമണം, ഡ്യൂട്ടിയില്‍ ഉള്ളവരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.