ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമം; നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരവ് പുറപ്പെടുവിച്ചു

ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും പൊതുനിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ച്‌ സർക്കാർ. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 9ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

അടുത്തിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വഹിക്കാന്‍ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതാണ്. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും. സി.സി.ടി.വി കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസര്‍ക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നല്‍കും. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണ്.

ഒ.പി, കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതല്‍ വിമുക്തഭടന്മാരുടെ സൊസൈറ്റി/സംഘടന എന്നിവയില്‍ നിന്നും മാത്രം നിയമിക്കുന്നതാണ്. ആശുപത്രി വികസന സമിതികള്‍ അല്ലെങ്കില്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഇനിമുതല്‍ വിമുക്തഭടന്‍മാരെ മാത്രമേ നിയമിക്കാവൂ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.