വി.സി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേ, നിയമനം തെറ്റാണെന്ന് ചാന്‍സലര്‍ക്ക് പറയാനാകില്ലേ?: ഹൈക്കോടതി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. വിസി നിയമനങ്ങള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ചോദ്യം.

നിയമനം തെറ്റാണെന്ന് ചാന്‍സലര്‍ക്ക് പറയാനാകില്ലേ? യോഗ്യത ഇല്ലെങ്കില്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് എങ്ങനെ പറയും? നിയമനം തെറ്റാണെന്ന് ചാന്‍സലര്‍ക്ക് പറയാനാകില്ലേ? യോഗ്യത ഇല്ലെങ്കില്‍ പരിശോധിക്കേണ്ടേ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി  പ്രധാനമായും ചോദിച്ചത്.

ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി പറഞ്ഞു. ആ വിധി ബാധകമാണെങ്കില്‍, വിസിമാര്‍ക്ക് ഒക്ടോബര്‍ 24 വരെ സമയം നല്‍കിയ ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു.

Read more

ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ് ചേര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹര്‍ജി നല്‍കിയത്.