ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. വള്ളസദ്യയിൽ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയതെന്നും വിവാദം ആസൂത്രിതമാണെന്നും മന്ത്രി പറഞ്ഞു. കുബുദ്ധിയിൽ ഉണ്ടായതാണ് വിവാദമെന്നും 31 ദിവസത്തിന് ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ദിവസമാണ് വള്ളസദ്യയിൽ ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത് നൽകിയത്. ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയെന്നും ഇതിന് പരിഹാരമായി പരസ്യമായി പരിഹാരം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നാണ് കത്തിൽ പറയുന്നത്.
ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ‘കഴിഞ്ഞ അഷ്ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിക്കുന്നു.







