കുഞ്ഞിന് പൊള്ളലേറ്റത് കുന്തിരിക്കം വീണ്, ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിന്‍

തൃക്കാക്കരയില്‍ രണ്ടര വയസുകാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ വെളിപ്പെടുത്തലുമായി കൂടുംബത്തോടൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍. കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലെന്ന് ടിജിന്‍ പറഞ്ഞു. ശരീരത്തില്‍ പൊള്ളലേറ്റത് കുന്തിരിക്കം വീണാണ്. കുഞ്ഞിന് പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണെന്നും ടിജിന്‍ പറഞ്ഞു. കുഞ്ഞ് കരയാതിരുന്നതിനാല്‍ ഒടിവ് പറ്റിയത് അറിഞ്ഞില്ല. അതിനാലാണ് ആശുപത്രിയില്‍ എത്തിക്കാതിരുന്നത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് താനാണെന്നും ആന്റണി ടിജിന്‍ വ്യക്തമാക്കി.

കേസില്‍ താന്‍ നിരപരാധിയാണ്. പൊലീസിനെ ഭയന്നാണ് മാറി നിന്നത്. കൊച്ചി വിട്ട് പോയിട്ടില്ല. നേരത്തെയുള്ള പരാതിയില്‍ പനങ്ങാട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കേസില്‍ ഉടനെ തന്നെ പൊലീസിനെ കാണുമെന്നും ടിജിന്‍ പറഞ്ഞു.

സംഭവത്തില്‍ ആന്റണി ടിജിന് പങ്കുണ്ടെന്നായിരുന്നു ഇന്നലെ കുഞ്ഞിന്റെ പിതാവ് ആരോപിച്ചത്. ലഹരിക്കടിമയായ ആന്റണിക്കെതിരെ മുന്‍പ് പരാതി നല്‍കിയിട്ടുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു. ആന്റണിയെ ചോദ്യം ചെയ്യാനായി പൊലീസ് ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

അതേസമയം ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. മരുന്നകളോട് കുട്ടി പ്രതകരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വന്തം നിലയിക്ക് ശ്വസിക്കുന്നതിനാല്‍ വെന്റിലേറ്ററില്‍ നിന്ന് വൈകാതെ മാറ്റിയേക്കും. തലച്ചോറിന്റെ ഇരു വശത്തും നീര്‍ക്കെട്ടും, രക്തസ്രാവവും ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

കുട്ടിയുടെ ഇടത് കൈയില്‍ രണ്ടിടത്ത ഒടിവ് ഉണ്ടായിട്ടുണ്ട്. നട്ടെല്ലിന്റെ മുകള്‍ ഭാഗം മുതല്‍ രക്തസ്രാവം ഉണ്ട്. ശരീരത്തില്‍ ഒരു മാസം മുതല്‍ ഒരു ദിവസം വരെ പഴക്കമുള്ള മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രണ്ടാനാച്ഛനും അമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത് എന്നായിരുന്നു കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തിയത്. സംഭവത്തില്‍ ജില്ല ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാരിനും, സംസ്ഥാന ശിശുക്ഷേമ സമിതിക്കും റിപ്പോര്‍ട്ട് നല്‍കും.