തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും നടപടികള്‍ വൈകിപ്പിച്ച് പൊലീസ്

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്. മൂലവിളാകത്ത് താമസിക്കുന്ന 49കാരിക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവം. കഴിഞ്ഞ 13ന് രാത്രി 11 മണിക്കാണ് സംഭവം.

മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്‌നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി പറയുന്നു. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്. പരാതിക്കാരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്. സിസിടിവി അടക്കം ശേഖരിച്ചിട്ടുണ്ട്.