സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം; മുഖ്യമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് വാക്‌സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാൻ മിനിട്ടുകള്‍ മാത്രം അവശേഷിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. യു.ഡി.എഫ്., ബി.ജെ.പി. നേതാക്കള്‍ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു.

മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് കമ്മീഷന് ബോദ്ധ്യപ്പെടണം. അതിനു വേണ്ടി മുഖ്യമന്ത്രി തന്നെ ഇക്കാര്യം നേരിട്ട് രേഖാമൂലം വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി രേഖാമൂലം നല്‍കുന്ന വിശദീകരണം പരിശോധിച്ച ശേഷം, ഈ വിഷയത്തിലെ പരാതി നിലനില്‍ക്കുന്നതാണോ തുടര്‍നടപടികള്‍ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.

വിശദീകരണം നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് സമയപരിധി പറഞ്ഞിട്ടില്ല. എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ചട്ടലംഘനത്തിന് സ്വീകരിക്കേണ്ട നടപടികളിലേക്ക് കമ്മീഷന്‍ നീങ്ങും.