പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ഉടന്‍

തിരുവനന്തപുരം അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍  മുൻ എംഎൽഎ  പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയുടേതാണ് നടപടി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. ഇനി എപ്പോള്‍ വേണമെങ്കിലും പൊലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്‌ട്രേറ്റ് പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷം എറണാകുളം വെണ്ണലയില്‍ പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു. കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്.

അതേസമയം വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ ജോര്‍ജ് വീട്ടിലെത്തി. വ്യാഴാഴ്ച വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.