പെരുമ്പാവൂരിൽ പെട്രോൾപമ്പിലെ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു

പെരുമ്പാവൂരിൽ പെട്രോൾപമ്പിൽ നടന്ന വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സ‍ഞ്ജു(20)വിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മനോരമ റിപ്പോർട്ട് ചെയ്തു. നാട്ടുകാർ പിടികൂടി വരിഞ്ഞു കെട്ടിയാണ് ഇയാളെ പൊലീസിനു കൈമാറിയത്.

പട്ടാൽ പെട്രോൾപമ്പിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെട്രോൾ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്കൂട്ടർ മറ്റൊരാളുടെ കാലിൽ തട്ടിയതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. ഇതിനിടയിൽ സഞ്ജു ഉറയിലിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു.

തുടർന്ന് സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവർ പിടികൂടി മർദ്ദിക്കുകയും കൈകൾ കെട്ടിയിടുകയും ചെയ്തു. പരിക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.