വയനാടിന്റെ സ്വപ്ന പദ്ധതി ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. വൈകിട്ട് നാല് മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റർ ദൂരം ഇരട്ട ടണൽ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്ര നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. തുരങ്കപ്പാത യാർത്ഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാ ദുരിതത്തിനും ഇതോടെ അറുതിയാകും.
താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന നാലുവരി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂൺ 18 ന് ലഭിച്ചതോടെയാണ് പ്രധാന കടമ്പകൾ കടന്ന് സംസ്ഥാന സർക്കാർ നിർമാണ പ്രവൃത്തിയിലേക്കെത്തുന്നത്. പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്.
കേരളത്തിലെ കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിർദിഷ്ട പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് (എസ് എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽ നിന്ന് പത്ത് കിലോമീറ്റർ മാത്രമാണ് ദൂരം.
Read more
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്.







